Malayalam Translation of the text:
സുഹൃത്തുക്കളുടെയും സമാന മനസ്കരുടെയും കൂടെയായിരിക്കുക എന്നത് എനിക്ക് വലിയ സന്തോഷം നൽകുന്നു.
പുതിയ രീതിയിലുള്ള ഒരു ചിന്താപദ്ധതി ആവശ്യപ്പെടുന്ന പല പുതിയ വെല്ലുവിളികളും ഇരുപത്തിയൊന്നാം നൂറ്റാണ്ട് മുന്നോട്ടു വയ്ക്കുന്നുണ്ട്. അതിൽ ഏറ്റവും പ്രധാനപ്പെട്ട ഒന്നാണ്, അതിവേഗം മാറിക്കൊണ്ടിരിക്കുന്ന ഇന്നത്തെ ലോകത്തിൽ, സാമ്പത്തിക പ്രക്രിയയിലുള്ള സ്ത്രീകളുടെ പങ്കാളിത്തം. പക്ഷെ തങ്ങളുടെ സാധ്യതകളും കഴിവുകളും സാക്ഷാത്കരിക്കുന്നതിന് സ്ത്രീകൾ ഇന്ന് ഏറെ തടസങ്ങൾ നേരിടുന്നു. നാം ഇതിന് വലിയ വില കൊടുക്കേണ്ടി വരുന്നുണ്ട്. സ്ത്രീകൾക്ക് അവസര സമത്വം ഇല്ലാത്തതുമൂലം ചില രാജ്യങ്ങളുടെ പ്രതിശീർഷ വരുമാനത്തിൽ വലിയ കുറവ് സംഭവിക്കുന്നു. ലോക ജനസംഖ്യയിൽ പകുതിയോളം സ്ത്രീകളാണെങ്കിലും ലോക സാമ്പത്തിക പ്രക്രിയയുടെ അമ്പതു ശതമാനത്തിലും വളരെ താഴെ മാത്രമാണ് സ്ത്രീ പങ്കാളിത്തമുള്ളത്. ഇതിന് ഒരു മാറ്റം വരുത്തിക്കൊണ്ട് അവസരങ്ങളുടെ വാതിലുകൾ സ്ത്രീകൾക്ക് തുറന്നുകൊടുക്കുന്നതിനായി ഒരു കൂട്ടായ ശ്രമം ആവശ്യമാണ്. ത്രീ എൽസ് എന്ന് ഞാൻ വിളിക്കാനാഗ്രഹിക്കുന്ന വിദ്യാഭ്യാസം, തൊഴിൽ, നേതൃത്വം എന്നീ മൂന്ന് പ്രക്രിയകളിലൂടെയാണ് സ്ത്രീ ശാക്‌തീകരണം സാധ്യമാവുക.
ആദ്യം വിദ്യാഭ്യാസത്തെക്കുറിച്ച്. എല്ലാ മാറ്റങ്ങളുടെയും അടിസ്ഥാനം വിദ്യാഭ്യാസമാണ്. വിദ്യാഭ്യാസം സ്ത്രീകളെ സ്വയംപര്യാപ്തരാക്കുകയും അതുവഴി എല്ലാ വേർതിരിവുകളുടെയും ചങ്ങലകൾ പൊട്ടിക്കുകയും ചെയ്യുന്നു. അവികസിത രാജ്യങ്ങളിലാണ് ഇത് ഏറ്റവും പ്രധാനമായിരിക്കുന്നത്. ഒരു ആഫ്രിക്കൻ പഴഞ്ചൊല്ലുണ്ട്. "ഒരു ആൺകുട്ടിയെ പഠിപ്പിക്കുമ്പോൾ ഒരു മനുഷ്യനെ അഭ്യസിപ്പിക്കുന്നു.. ഒരു പെൺകുട്ടിയെ പഠിപ്പിപ്പിക്കുമ്പോൾ ഒരു ഗ്രാമത്തെതന്നെ അഭ്യസിപ്പിക്കുന്നു."
വിദ്യാഭ്യാസം ഒന്നാമത്തെ ചുവടാണെങ്കിൽ തൊഴിലാണ് രണ്ടാമത്തേത്. സ്വയം വളരുന്നതിനും തങ്ങളുടെ കഴിവുകളെ സാക്ഷാത്കരിക്കുന്നതിനും അത് സ്ത്രീകളെ സഹായിക്കുന്നു. പക്ഷെ ഇന്ന് തൊഴിൽ മേഖലകളിൽ എത്തിപ്പെടുന്ന സ്ത്രീകൾ പൊതുവെ ഉയർന്ന ശമ്പളമോ പദവിയോ സ്ഥിരതയോ ഇല്ലാത്ത ജോലികളിൽ കുടുങ്ങിക്കിടക്കുന്നു. ആഗോള തലത്തിൽ പുരുഷന്മാരുമായി താരതമ്യപ്പെടുത്തി നോക്കിയാൽ നാലിൽ മൂന്നു ഭാഗം വരുമാനമേ സ്ത്രീകൾ ഉണ്ടാക്കുന്നുള്ളൂ. ഒരേ വിദ്യാഭ്യാസ യോഗ്യത വേണ്ട ഒരേ ജോലികളിലെ കാര്യമാണിത്. തീർച്ചയായും ഒരേ ജോലിക്ക് ഒരേ കൂലി എന്നതായിരിക്കണം മാനദണ്ഡം. അടുത്ത കാലത്തു നടന്ന ചില ഗവേഷണങ്ങൾ കാണിക്കുന്നത് സാമ്പത്തിക പ്രവർത്തനങ്ങളിലുള്ള ലിംഗ വിവേചനം ഇല്ലാതാക്കുന്നത് പ്രതിശീർഷ വരുമാനം വർധിപ്പിക്കുന്നതിന് സഹായിക്കും എന്നാണ്.
ജോലി മേഖലകളിൽ സ്ത്രീകൾക്ക് കൂടുതൽ അവസരങ്ങൾ നൽകാൻ നമുക്ക് കഴിയുമെന്നതിൽ സംശയമില്ല. അതിന് ചിലപ്പോൾ നിയമങ്ങൾ മാറ്റി എഴുതേണ്ടി വന്നേക്കാം. ഉദാഹരണത്തിന് സ്വത്ത്, പിന്തുടർച്ചാവകാശ നിയമങ്ങളിൽ സ്ത്രീ വിവേചനം ഇല്ലാതാക്കേണ്ടതുണ്ട്. വിദ്യാഭാസവും ആരോഗ്യരക്ഷയും പ്രോത്സാഹിപ്പിക്കുന്ന ഒരു നയം പിന്തുടരണം. കൂടാതെ സ്ത്രീകൾക്ക് കൂടുതൽ വായ്പാ ലഭ്യത ഉറപ്പുവരുത്തിക്കൊണ്ട് അവരെ സ്വയംപര്യാപ്തരാക്കുവാനും നമുക്ക് കഴിയണം. അതിനാൽത്തന്നെ വിദ്യാഭ്യാസവും തൊഴിലും സുപ്രധാനമാണ്.
മൂന്നാമത്തെ എൽ നേതൃത്വമാണ്. നേതൃ സ്ഥാനങ്ങളിൽ എത്തുകവഴി തങ്ങളുടെ സ്വതസിദ്ധമായ കഴിവുകളെയും നൈപുണികളെയും സാഷാത്കരിക്കുന്നതിന് സ്ത്രീകൾക്ക് സാധിക്കും. ഇതാണ് കൂടുതൽ മെച്ചപ്പെടേണ്ടിയിരിക്കുന്ന ഒരു മേഖല. സ്ത്രീകൾ നേതൃത്വം കൊടുക്കുമ്പോൾ പലപ്പോഴും മറ്റുള്ളവരെപ്പോലെ തന്നെയോ ഒരുപക്ഷെ അതിനേക്കാൾ മെച്ചമായോ ചെയ്യുവാൻ അവർക്ക് സാധിക്കുന്നുണ്ട്. സ്ത്രീകൾ തീരുമാനങ്ങളെടുക്കുന്നത് പൊതു സമ്മതം, സമന്വയം, സഹാനുഭൂതി, സുസ്ഥിരത എന്നിവയെ അടിസ്ഥാനപ്പെടുത്തിയാണ്. അവർ തങ്ങളുടെ കഴിവിനൊത്ത ആത്മ വിശ്വാസം പുലർത്തുന്നില്ല എന്നത് പൊതുവിൽ ശരിയാണ്. എന്നാൽ, മനോഭാവത്തിൽ മാറ്റം വരുത്തുകയാണെങ്കിൽ കഥ തങ്ങൾക്കനുകൂലമായി മാറ്റിയെഴുതാൻ അവർക്കാവും. വിവേചനങ്ങളെ ചോദ്യം ചെയ്യാനും, അല്പം സാഹസികത കാണിക്കുവാനും തങ്ങളുടെ സുരക്ഷിത കവചത്തിൽ നിന്ന് പുറത്തു കടക്കുവാനും സ്ത്രീകൾ തയാറാകണം. അതേസമയം വിജയിക്കുവാൻ വലിയ ആന്തരിക ത്വര ഉള്ളവർ പോലും പല തടസങ്ങളും നേരിടുന്നുണ്ട്. പെൺകുട്ടികളുടെ പ്രാഥമിക വിദ്യാഭ്യാസം മുതൽ ബിസിനസുകളിൽ സ്ത്രീകൾക്കുള്ള അധികാര സ്ഥാനങ്ങൾ വരെയുള്ള കാര്യങ്ങളിൽ ഇത് പ്രകടമാണ്.
മുൻ വിധികളോ തടസങ്ങളോ ഇല്ലാതെ എല്ലാ സ്ത്രീകൾക്കും തങ്ങളുടെ കഴിവുകൾ പ്രകാശിപ്പിക്കുവാൻ സാധിക്കുന്ന ഒരു ലോകം സൃഷ്ടിക്കുവാൻ സമയമായിരിക്കുന്നു. അതിന്റെ നേട്ടം കൊയ്യുന്നത് സ്ത്രീകൾ മാത്രമല്ല മുഴുവൻ ലോകവുമായിരിക്കും. അതിന് 3Ls നമ്മെ സഹായിക്കും. വിവേചനത്തെ ചോദ്യം ചെയ്‌താൽ മാറ്റം ഉണ്ടാവുകയും ആ മാറ്റം ഫലം നൽകുകയും ചെയ്യും.
നന്ദി.